പെരുമാൾ മുരുകൻ/അവിജിത് റോയി . രണ്ടു പേരും ഉയർത്തിപ്പിടിച്ചത് ഒരേ മൂല്യങ്ങൾ. ഒരേ വിചാരങ്ങൾ. മതേതരമായ കാഴ്ചപ്പാടുകൾ. എന്നാൽ എതിർപ്പുകളോടെതിരിട്ടത് രണ്ടു രീതിയിൽ. പെരുമാൾ മുരുകൻ വിധേയപ്പെട്ടപ്പോൾ, അഭിജിത്ത് റോയി ശക്തമായി എതിരിടുകയായിരുന്നു, സായുധ തീവ്ര വാദികളോട്.
രക്തമൊഴുകിപ്പരന്ന നിരത്തിൽ, റഫീദ സഹായമഭ്യർത്ഥിച്ച് കൈകളുയർത്തി നില്ക്കുന്ന ചിത്രം, നവ മാധ്യമങ്ങളിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. മുക്തോ മോന(സ്വതന്ത്ര മനസ്സ്)യെന്ന ബ്ലോഗിൽ കുറിച്ച ചിന്തകളായിരുന്നു അവിജിത് റോയിയുടെ ഐഡന്റിറ്റി. അതോടെയാണ് മത തീവ്രവാദികൾ നോട്ടമിട്ടത്. അങ്ങനെ ജീവിതത്തിൽ ശാസ്ത്രീയ ചിന്തകൾ പുലർത്തിയ ഒരാൾ, അതേ കാരണങ്ങൾ കൊണ്ട് ജീവിതത്തിൽ നിന്ന് വിസ്മൃതമായി.
മതേതര ചിന്തകനായിരുന്നു അവിജിത് റോയി. എഴുത്തുകാരൻ, കോളമിസ്റ്റ്, ബ്ലോഗർ എന്നീ നിലകളിൽ പ്രശസ്ഥൻ. സ്വവർഗ്ഗാനുരാഗികളുടെ വിഷയവും ശാസ്ത്രീയ ചിന്തയും അദ്ദേഹത്തിന്റെ ബ്ലോഗിലും പംക്തികളിലും നിറഞ്ഞു നിന്നിരുന്നു. എട്ടു കൃതികൾ രചിച്ച അവിജിത് റോയി, ബംഗ്ലാദേശ് വാർത്താ ഏജൻസിയായ ബിഡിന്യൂസ്24 ഡോട്ട് കോമിലും പംക്തി കൈകാര്യം ചെയ്തു. രചനകളിൽ നിറഞ്ഞു നിന്ന അന്ധവിശ്വാസ നിരാകരണവും മത നിഷേധവും തന്നെയാണ് മത തീവ്രവാദികളെ എതിരാക്കിയത്. അവസാനം രചിച്ച രണ്ടു കൃതികൾ, ഒബിസഹസർ ദോർഷോണ്(അവിശ്വാസത്തിന്റെ തത്ത്വചിന്ത), ബിസ്വാശ്വർ വൈറസ്(വിശ്വാസത്തിന്റെ വൈറസ്)എന്നിവയായിരുന്നു. വിപണിയിൽ ഏറെ ചലനങ്ങളുണ്ടാക്കിയ പുസ്തകങ്ങളായിരുന്നു രണ്ടും.
മുക്തോ മോനയെന്ന ബ്ലോഗ് , ദി ബോബ്സ് ബെസ്റ്റ് ഓണ്ലൈൻ ആക്ടിവിസം അവാർഡിനു അർഹമായിട്ടുണ്ട്.
ഏറെ വധ ഭീഷണികൾ നേരിടേണ്ടി വന്ന എഴുത്തുകാരനും ചിന്തക,നുമായിരുന്നു അവിജിത് റോയി. എന്നാൽ ഒട്ടും പതറിയിരുന്നില്ലെന്നതാണ് റോയിയെ വ്യത്യസ്ഥനാക്കുന്നത്.
രണ്ടു വർഷത്തിനിടെ ബംഗ്ലാദേശിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബ്ലോഗറാണ് റോയി. 2013 ഫെബ്രുവരിയിൽ മത തീവ്രവാദികളുടെ ആക്രമണത്തിൽ അഹമ്മദ് രജീബ് ഹെയ്ദർ കൊല്ലപ്പെട്ടിരുന്നു. ബ്ലോഗർമാർക്കെതിരെ മത മൗലികവാദികളുടെ കാമ്പയി നു കൾ ശക്തമായിരുന്നു. അവരെ നിശബ്ദരാക്കുമെന്നു ചില നേതാക്കൾ പുറത്തു വിട്ട നവ മാധ്യമ സന്ദേശങ്ങൾ പറയുന്നു.
അവിജിത് റോയിയുടെ കൊലപാതകത്തോടുള്ള സർക്കാരിന്റെ സമീപനം, വ്യത്യസ്ഥമായിരുന്നു. കൊലപാതകികളെ പിടികൂടുന്നതിന് പകരം യുക്തിവാദികളെ അറസ്റ്റ് ചെയ്യാനാണ് സർക്കാർ ശ്രമിച്ചത്. ബ്ലോഗുകൾ ബ്ലോക്കു ചെയ്യപ്പെട്ടു. റോയിയുടെ മരണത്തോടെ ബംഗ്ലാദേശിൽ മതേതര ബ്ലോഗർമാരും മത തീവ്രവാദികളും തമ്മിലുള്ള സംഘർഷം രൂക്ഷമായി.
ബംഗ്ലാദേശ് പ്രധാനമന്ത്രിയായ ഷേഖ് ഹസീന, മത തീവ്രവാദം അനുവദിക്കില്ലെന്നു വ്യകതമാക്കിയിട്ടുണ്ട്. എന്നാൽ, തീവ്രവാദ സംഘടനകൾക്ക് ആധിപത്യമുള്ള ബംഗ്ലാദേശിൽ ഉറപ്പുകളൊന്നും വിലപ്പോകുന്നില്ലെന്നതാണ് വാസ്തവം. ആഭ്യന്തര കുഴപ്പങ്ങൾ നിറഞ്ഞ ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കണമെന്നു പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
ധാക്കയിലെ തെരുവിലൂടെ ആയിരങ്ങൾ അണി നിരന്ന പ്രകടനം നീങ്ങുമ്പോൾ ലോകം മുഴുവൻ അത് ശ്രദ്ധിക്കുകയായിരുന്നു. തീവ്രവാദികളുടെ ഭീഷണി അവഗണിച്ചിരുന്ന റോയിയുടെ വധത്തിൽ പ്രതിഷേധിക്കാൻ എല്ലാ നിരക്കാരുമെത്തി. എഴുത്തുകാർ, അധ്യാപകർ പിന്നെ സാധാരണക്കാരും. നീതി വേണം,തീവ്രവാദം ഇല്ലാതാക്കുകയെന്ന മുദ്രാവാക്യങ്ങൾ പ്ലക്കാർഡുകളായി അവർ ഉയർത്തിപ്പിടിച്ചിരുന്നു.
റോയിയുടെ ഘാതകരെ പിടികൂടുന്നത് വരെ ബ്ലോഗർമാർ അടങ്ങിയിരിക്കുകയില്ലെന്ന് ബംഗ്ലാദേശിലെ ബ്ലോഗേഴ്സ് അസോസിയേ ഷൻ പ്രസിഡ ന്റ്, ഇമ്രാൻ സർക്കാർ പറയുന്നു. കുറ്റക്കാർക്ക് രക്ഷപെടാനാകുമെന്നതിന്റെ തെളിവു കൂടിയായി ഇപ്പോൾ നടന്ന സംഭവം.
തസ്ലീമ നസ്രിനുൾപ്പടെ ഒട്ടേറെ എഴുത്തുകാർ ബംഗ്ലാദേശിലെ കടുത്ത വ്യവസ്ഥയെ നേരിടാൻ കഴിയാതെ പലായനം ചെയ്തിട്ടുണ്ട്.അവിജിത് റോയി, ഒടുവിലത്തെ ഉദാഹരണമാണ്. സ്വതന്ത്ര ചിന്തയ്ക്ക് കൂച്ചു വിലങ്ങിടാനുള്ള നീക്കം മത രാഷ്ട്രങ്ങളിലും, മത നേതാക്കൾക്ക് സ്വാധീനമുള്ള രാജ്യങ്ങളിലും ഇപ്പോൾ വ്യാപകമാണ്.
ഇവിടെ പെരുമാൾ മുരുകന്മാർ നിരായുധരായി കീഴടങ്ങുമ്പോൾ, മറ്റു ചിലർ മരിക്കുമെന്നറിഞ്ഞിട്ടും നിലപാടുകൾ വ്യക്തമാക്കുന്നു. നാം ശക്തമായി പ്രതിഷേധിക്കേണ്ടിയിരിക്കുന്നു. നാളത്തെ തലമുറയ്ക്ക് വേണ്ടിയെങ്കിലും. പഴയ ചോദ്യം വീണ്ടും പ്രസക്തമാകുകയാണ്.
എഴുത്തോ, നിന്റെ കഴുത്തോ?
.ആദർശ് അഞ്ചൽ.