ഇറക്കുമതി നികുതി വെട്ടിക്കുറച്ചതിനെ തുടർന്ന് ഇടിഞ്ഞ റബ്ബർ വിപണിയ്ക് ഇനിയും ഉണർവ്വായില്ല. 240-270 വില നിലവാരത്തിൽ വ്യാപാരം നടത്തിയ കാലയളവിൽ നിന്ന് 124 ലേക്കുള്ള പതനം വൻകിട ക്കാരേക്കാൾ ചെറുകിട നാമ മാത്ര കർഷകരേയാണ് ബാധിച്ചത്. ടയർ ലോബിയുടെ സമർഥമായ സമ്മർദ്ദ തന്ത്രം കൂടിയായപ്പോൾ റബ്ബർ കർഷകന്റെ വീട്ടിൽ അടുപ്പ് പുകയാതായി.
തോട്ടമുടമകൾ റബ്ബർ ടാപ്പിംഗ് നിർത്തി വച്ചപ്പോൾ ചെറുകിട കർഷകർ നിസ്സാര വിലയ്ക്ക് റബ്ബർ വിൽക്കാൻ നിർബന്ധിതരായി. സിങ്കപ്പൂർ, തായ്ലണ്ട്,ചൈന തുടങ്ങിയ രാജ്യങ്ങളിലെ നാലാം ഗ്രേഡ് വിലകുറഞ്ഞ റബ്ബർ വൻ തോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. ടയർ ലോബികൾ ഇന്ത്യൻ റബ്ബറിന്റെ വിലയിടിക്കുന്ന നീക്കങ്ങളും നടത്തിയതോടെ കേരളത്തിലെ കർഷകന്റെ അവസ്ഥ ദുരിതപൂർണ്ണമായി.
കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെന്ന് പറയാം. വ്യവസായങ്ങളെ സഹായിക്കുന്ന നിലപാടെടുക്കുന്ന പ്രധാന മന്ത്രിയെ, കേരളത്തിലെ റബ്ബർ കർഷകന്റെ പ്രശ്നങ്ങൾ അറിയിക്കാനും അനുകൂല ഇടപെടൽ നടത്താനും ആർക്കും കഴിയുന്നില്ല.
50 മുതൽ 200 വരെ റബ്ബർ മരങ്ങൾ ടാപ്പ് ചെയ്ത് ഉപജീവനം കഴിക്കുന്ന ഭൂരിപക്ഷം വരുന്ന, കേരളത്തിലെ റബ്ബർ കർഷർക്ക് ഈ അനിശ്ചിതത്വം ആശങ്ക തീർക്കുകയാണ്.
.സ്വന്തം ലേഖകൻ.