ദൽഹി തന്നെ ഉത്പാദിപ്പിക്കുന്ന മലിനീകരണത്തെ കുറിച്ച് പറയുവാൻ വയ്യ. യമുനയുടെ കറുപ്പ് ഓർമിപ്പിക്കുന്നത് ,അഴുക്കിനെ മാത്രമല്ല വ്യവസായ ശാലകളിലെ അനധികൃത മാലിന്യങ്ങളുടെ പുറന്തള്ളൽ കൂടിയാണ്.
ആദർശ് അഞ്ചൽ
മലിനീകരണത്തിൽ ഇടയേണ്ടത് ട്രംപും ബൈഡനും മാത്രമാണോ ? ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ വിരുദ്ധ പരാമർശമായി ‘ഇന്ത്യയിലെ മലിനീകരണം’ മാറിയതിൽ ചില്ലറ നീതികേടുണ്ട്. രാഷ്ട്രീയമായി കമല ഹാരീസിനെ കുത്തിയാണ് പറഞ്ഞതെങ്കിലും, ട്രംപ് പറഞ്ഞ വസ്തുതകളിൽ നിന്ന് അധികമൊന്നും നമുക്ക് മറക്കാനാകില്ല. ഇന്ത്യൻ ഭൂപ്രകൃതിയിൽ സംസ്ഥാനങ്ങൾ തോറും മലിനീകരണമുണ്ട്. ഡൽഹിയിലെ വായുവിന്റെ മലിനീകരണം കുറയ്ക്കാനായി സർക്കാർ നടപടികളുടെ നീണ്ട കഥകൾ ചരിത്രമാണ്.
പഞ്ചാബിലെ കർഷകർ വിളവെടുപ്പ് കഴിഞ്ഞ ഗോതമ്പു പാടങ്ങൾ അടുത്ത കൃഷിയ്ക്കായി ഒരുക്കുന്നതിനായാണ് വൈക്കോൽ അവശിഷ്ടങ്ങൾ കത്തിക്കുന്നത്. ഏക്കറു കണക്കിന് പാടങ്ങളിലെ പുക ഡൽഹിയിലെത്തിയതായിരുന്നു ആദ്യത്തെ പ്രശ്നം.
ദൽഹി തന്നെ ഉത്പാദിപ്പിക്കുന്ന മലിനീകരണത്തെ കുറിച്ച് പറയുവാൻ വയ്യ, യമുനയുടെ കറുപ്പ് ഓർമിപ്പിക്കുന്നത്, അഴുക്കിനെ മാത്രമല്ല വ്യവസായ ശാലകളിലെ അനധികൃത മാലിന്യങ്ങളുടെ പുറന്തള്ളൽ കൂടിയാണ്. വാഹനങ്ങളുടെ പുകയും ഒപ്പം ചേരും. മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി വ്യത്യസ്തമല്ല. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം പ്രകൃതിയോടുള്ള സമീപനത്തിന്റെ മാറ്റവും സൂചിപ്പിക്കുന്നു. പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണവും മലിനീകരണം ത്വരിതപ്പെടുത്തുന്നു. പശ്ചിമഘട്ട സംരക്ഷണത്തെ പിന്തുണയ്ക്കുന്ന പ്രകൃതി സ്നേഹികൾക്ക് ഏറെ പ്രതിഷേധം നേരിടേണ്ടി വരുന്ന നാട് കൂടിയാണ് കേരളം.
കാലാവസ്ഥ വ്യതിയാനത്തെ തട്ടിപ്പെന്ന് വിശേഷിപ്പിക്കാറുള്ള ട്രംപ്, പാരീസ് ഉടമ്പടിയിൽ നിന്ന് ആദ്യമേ തന്നെ പിന്മാറിയിരുന്നു. ആഗോള താപനം രണ്ടു ഡിഗ്രി സെൽഷ്യസിലും താഴെയാക്കാൻ ഇരുന്നൂറോളം രാജ്യങ്ങളെ പ്രതിജ്ഞാബദ്ധമാക്കുന്ന നടപടിയാണ് പാരീസ് ഉടമ്പടി. ഇന്റർനാഷണൽ എനർജി ഏജൻസി 2018 ൽ തയ്യാറാക്കിയ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ചൈനയാണ്. രണ്ടാമത് യു,എസ്. മൂന്നാമതാണ് ഇന്ത്യ. ഓരോ രാജ്യങ്ങളും പുറന്തള്ളുന്ന കാർബൺ മോണോക്സേഡിൽ 28% പങ്കു വഹിക്കുന്ന രാജ്യം ചൈനയാണ്. അമേരിക്ക 15%, ഇന്ത്യ 7%, റഷ്യ 5% എന്നിങ്ങനെയാണ് കണക്കുകൾ.
അമേരിക്കൻ തെരഞ്ഞെടുപ്പിലെ കമലാ ഹാരിസിന്റെ ഇന്ത്യൻ ബന്ധം ട്രംപ് നെഗറ്റീവായി വീശിയതാണ്. ഇക്കാര്യത്തിൽ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡണ്ട് സ്ഥാനാർഥി ജോ ബൈഡൻ എതിർ പക്ഷത്താണ്. ഇന്ത്യയുടെ വായു മലിനമാണെന്ന് പ്രസ്താവനയെകുറിച്ച് പ്രതികരിക്കവേ സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയല്ല സംസാരിക്കേണ്ടതെന്നു ബൈഡൻ. അന്താരാഷ്ര പ്രശ്നങ്ങൾ പരിഹരിക്കേണ്ടതും ഇങ്ങനെയല്ലെന്ന് തികഞ്ഞ നയ വ്യക്തതയോടെ ബൈഡൻ പറയുന്നു. എങ്കിലും നമ്മുടെ മലിനീകരണം, ഒരു യാഥാർഥ്യം തന്നെയാണ്. അത്, പരിഹരിക്കാനുള്ള മാർഗ്ഗം കണ്ടെത്തലാണ് പ്രധാനം.