കോവിഡിന്റെ രണ്ടാം വരവിൽ പ്രതീക്ഷിക്കാത്ത ചിലതൊക്കെ സംഭവിച്ചു. ഒന്ന് ജനിതക വ്യതിയാനം രണ്ട് വ്യാപകമായി ഓക്സിജൻ വേണ്ടിവരുന്ന അവസ്ഥ. ആരോഗ്യ പ്രവർത്തകർ മുൻകൂട്ടി പ്രവചിക്കുകയും കരുതൽ വേണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് പറഞ്ഞിരുന്നതുമാണ്. എന്നാൽ രോഗികളുടെ എണ്ണം കൂടിയത് ആരോഗ്യ സംവിധാനങ്ങളെ വല്ലാതെ തളർത്തുന്ന നിലയിലെത്തി.ഡൽഹിയിൽ ഓക്സിജനുവേണ്ടി ജനങ്ങൾ പരക്കം പായുന്ന വാർത്തകൾ വന്നതോടെയാണ്, ലോക രാജ്യങ്ങൾ ഇന്ത്യയെ സഹായിക്കാനെത്തിയത്. മഹാരാഷ്ട്രയുടെ നിലയും പരിതാപകരമാണ്. യു.പി, കർണ്ണാടക , ആന്ധ്ര, തമിഴ്നാട്, കേരളം അങ്ങനെ ഓക്സിജൻ വേണ്ടി വരുന്ന സംസ്ഥാനങ്ങളുടെ എണ്ണം നീളുകയാണ്.
ഓക്സിജൻ ലഭിക്കാതെ മരിച്ചവരുടെ കണക്കുകൾ കൂടുകയാണ്. ടാറ്റ ഉൾപ്പെടെയുള്ള വ്യവസായികൾ അവരുടെ ദൈനം ദിന ഉൽപ്പാദനം നിർത്തിവച്ചാണ് ഓക്സിജൻ നൽകാനായി പ്ലാന്റുകളെ മാറ്റിയെടുത്തത്. കോവിഡിന്റെ ഒന്നാം വരവിനു ശേഷം നമുക്ക് രണ്ടാം വരവിനായി തയ്യാറെടുക്കാമായിരുന്നു. പക്ഷെ, അതിനായി ആരും തുനിയാതിരുന്നതിന്റെ വൻ വിലയാണ് നാം മനുഷ്യ ജീവനായി നൽകുന്നത്.
കുറ്റപ്പെടുത്താൻ ഒട്ടേറെയുണ്ട്. പലരെയും പേരെടുത്തു പറയാനാകും. എന്നാൽ ഇപ്പോൾ ഒരു പോസ്റ്റ് മോർട്ടത്തിനുള്ള സമയമല്ല. രാജ്യത്തെ എല്ലാ ആശുപത്രികളിലും ഓക്സിജൻ എത്തിക്കാനുള്ള ശ്രമങ്ങളിൽ സാധ്യമായതെല്ലാം ചെയ്യണം. കേരളവും ഓക്സിജൻ ക്ഷാമം നേരിടുകയാണ്. ലഭ്യതയിൽ കുറവുണ്ടെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നിടത്തേക്ക് അത് എത്തിച്ചേർന്നിട്ടില്ല. ആരോഗ്യമന്ത്രിയുടെ ചിട്ടയായ പരിശ്രമങ്ങളുടെ തുടർച്ചയാണ് കേരളത്തെ ഒരു പരിധി വരെയെങ്കിലും രോഗികളെ രക്ഷിച്ചത്.
മെയ് പകുതിയോടെ രോഗികളുടെ എണ്ണത്തെ നമുക്ക് നിയന്ത്രിക്കാനായാൽ ജൂൺ അവസാനം കേരളത്തിനു ആശ്വസിക്കാം. വാക്സിന്റെ ദൗർലഭ്യം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.. കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ വാക്സിൻ എത്തിച്ചാൽ ഓക്സിജൻ ബഡ്ഡുകളുടെ എണ്ണവും സിലിണ്ടറുകളും ഇപ്പോഴുള്ളത് തന്നെ മതിയായേക്കും. എങ്കിലും ജാഗ്രത വേണ്ടി വരും. ഓക്സിജൻ എത്തിക്കാൻ കേരളം നടത്തുന്ന ശ്രമങ്ങൾ സ്ളാഹനീയമാണ്. മറ്റു സംസ്ഥാനങ്ങൾക്കും നാം ഓക്സിജൻ കൊടുത്തിരുന്നുവെന്ന വസ്തുത മറക്കാനാവില്ല.ഇനി നമ്മുടെ ശ്രദ്ധ, ഓക്സിജന്റെ കരുതലിനാവണം.