ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ റോഡിൽ മിഴി തുറന്നു . ഗതാഗത നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കാണ് കാമറ ബുദ്ധിമുട്ടുണ്ടാക്കുന്നത്. സീറ്റ് ബെൽറ്റും ഹെൽമെറ്റും മാത്രമല്ല, ചുവപ്പു വര മറികടക്കുന്നതും ഇനി ഫൈനായി വരും. ബോധവൽക്കരണ ശ്രമമില്ലാതെ പിഴ ഈടാക്കാൻ തുടങ്ങിയെന്നു പരാതി ഉയർന്നതിനെ തുടർന്ന് മെയ് 19 വരെ പെറ്റിയടിക്കില്ല. പക്ഷെ, പ്രശ്നമതല്ല. നിയന്ത്രണം വന്നെന്നു കേട്ടപ്പോഴേ, സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതിഷേധ ശബ്ദങ്ങളാണ് , നമ്മെ അത്ഭുതപ്പെടുത്തിയത്.
നാടിൻറെ വികസനത്തെ പറ്റി ഉയരുന്ന ചർച്ചകളിൽ, എപ്പോഴും ഉയരുന്ന വാചകമാണ്, യൂറോപ്യൻ രാജ്യങ്ങളിലെ നിയന്ത്രങ്ങൾ. അവരുടെ സംസ്കാരം. ഗൾഫ് രാജ്യങ്ങളിലെ ക്രിമിനൽ നിയമങ്ങൾ. നമ്മുടെ രാജ്യത്തേതല്ലാത്ത നിയമങ്ങളിൽ പുലർത്തുന്ന അത്ഭുതവും വിശ്വാസവും. നാട്ടിൽ ഈ നിയമം വന്നാലുള്ള അവസ്ഥ, അവരുടെ സഹന ശക്തിയെ വെല്ലുവിളിക്കും.
ഗതാഗത നിയന്ത്രണം സുഗമമാക്കാൻ നിയമങ്ങൾ അനിവാര്യമാണല്ലോ. ഹൈ സ്പീഡിൽ പോകാൻ കഴിയുന്ന പുത്തൻ തലമുറ ടർബോ എൻജിൻ കാറുകളുടെ കാലത്ത് വേഗ നിയന്ത്രണം ഒരു വിഭാഗത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ തലയിൽ ഹെൽമെറ്റ് വേണമെന്നത് അനിവാര്യമായ ഒന്നാണ്. ഇത്തരം കാര്യങ്ങളിൽ വിദ്യ സമ്പന്നരാണെന്നു പറയുന്ന മലയാളികൾക്ക് ഒരു വിമുഖത ഉണ്ടാകേണ്ട കാര്യമേയില്ല.
നിരത്തിലൂടെ 40-50 വേഗതയിൽ വാഹനം ഓടിക്കുന്ന, എൻട്രി ലെവൽ ഹാച്ച്ബാക്ക് ഉള്ള സാധാരണക്കാർക്ക് എഐ കാമറ കൂടുതൽ ധൈര്യം നൽകുകയാണ്. ഹൈവേ/ എംസി റോഡുകളിലെ കാമറകൾ മറ്റൊരു സുരക്ഷയാണ്. കൊടുങ്കാറ്റും വഹിച്ചു ചീറിപ്പാഞ്ഞു പോകുന്നവർ ഒന്നു വേഗത കുറയ്ക്കുമല്ലോ. 1000 സിസിയിൽ കമ്പനിക്കാരന്റെ എല്ലാ ലുബ്ധ്ത്തരവും കഴിഞ്ഞു ഔദാര്യത്തോടെ കനിഞ്ഞു കിട്ടിയ സൗകര്യങ്ങളും കൊണ്ട് യാത്ര ചെയ്യുന്നവന്റെ ‘അസൗകര്യങ്ങൾ’ വലിയ വണ്ടിക്കാർ അറിഞ്ഞു കൊള്ളണമെന്നില്ല. അതൊക്കെ, ഒന്നോർമിക്കാൻ വേഗത നിയന്ത്രണം നല്ലതാണു. ജിഎൻക്യാപ് സുരക്ഷയിൽ ഇന്ത്യയിലെ ജനപ്രീതിയുള്ള ചെറിയ കാറുകളൊന്നും ഇല്ലെന്നും ഓർക്കണം.
സർക്കാർ /മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിക്കുന്ന വാഹന വേഗതയിൽ തന്നെ നിരത്തുകളിൽ വാഹനം ഓടട്ടെ. ഒരു വർഷം 40000 അപകടങ്ങളാണ്ന കേരളത്തിൽ നടക്കുന്നത്. നമ്മുടെ വാഹനം മറ്റൊരാളെ അപടകത്തിൽ പെടുത്താതെയും ഭയപ്പെടുത്താതെയും യാത്ര തുടരട്ടെ.