ഇതിനെയാണ് പുര കത്തുമ്പോൾ വാഴ വെട്ടുകയെന്നു പഴമക്കാർ പറയുന്നത്. സർക്കാർ ഓവർഡ്രാഫ്ട്ടാകുന്നുവെന്ന വാർത്ത വന്നതും ചെലവുകൾ വെട്ടിച്ചുരുക്കുന്നതിന്റെ ഘോഷയാത്ര നടക്കുന്നതിനുമിടയ്ക്കാ ണ് അങ്ങനെ സംഭവിച്ചത്.സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ അഞ്ചു ദിവസമായി പ്രവൃത്തി ദിവസം കുറയ്ക്കണമത്രെ!. സംഗതി നിർദ്ദേശമല്ല, ഫയലായി മാറി. സെക്രടറിയെറ്റിൽ ചുറ്റിത്തിരിയാതെ മുഖ്യമന്ത്രിയുടെ അടുത്തുമെത്തി. എന്തൊരു വേഗത! ഇതിനാണ് അതിവേഗം ബഹുദൂരമെന്ന പറച്ചിൽ.
പ്രവൃത്തി സമയം മാറ്റണമെന്നും ആവശ്യമുണ്ടായി. 9 മുതൽ 5 എന്നും 5.30 എന്നും ഒക്കെയായി പ്രചാരണം. ആഫീസുകളിൽ കറങ്ങുന്ന ഫാനിന്റെയും കത്തുന്ന ബൾബിന്റെ കറണ്ട് ചാർജിന്റെയും കണക്കു വച്ച് ശനിയാഴ്ച അവധിയാക്കാനുള്ള തന്ത്രം.ഇതുമൂലം വെള്ളത്തിന്റെ ഉപഭോഗം കുറയുമത്രെ!
പക്ഷെ, ഇവരുടെ ഫയലിൽ പ്രതീക്ഷയർപ്പിച്ചു കറങ്ങിതിരിയുന്ന പാവം ജനത്തിന്റെ കാര്യമാണ് കഷ്ടം. ചോറുണ്ട് കൈ കഴുകാനെടുത്ത വെള്ളത്തേക്കാൾ കൂടുതലാണ്,ഈ ഫയലുകൾ നീങ്ങാത്തത്തതിനാൽ ജനത്തിന്റെ കണ്ണിൽ നിന്ന് പൊഴിയുന്നത്. എന്തായാലും, ആരോ നല്ല ബുദ്ധി ഉപദേശിച്ചു. അങ്ങനെ, ആ കാര്യം നടന്നില്ല. പാവം ജനത്തിന്റെ ഭാഗ്യം.
……………………………………………………………………………………………………………..
സ്മോളടിക്കുന്നവർ ഏറെയുള്ളതിനാലാകാം വി.എം.സുധീരന് പിന്തുണ കുറവാണ്.മാധ്യമങ്ങളും സാമുദായിക നേതാക്കളും രാഷ്ട്രീയക്കാരും. ഇപ്പോഴിതാ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ നിശബ്ദ ജന’വും സുധീരനെ തന്നെ പഴിക്കുന്നു.
ബാറടച്ചതിന്റെ വരുമാനക്കുറവിനെ നികുതിയിലൂടെ പരിഹരിക്കാനുള്ള ലളിത യുക്തിയാണ് ധനമന്ത്രി കെ.എം മാണിയ്ക്ക്. ബാർ അല്ല ബാർ ഹോട്ടലിനാണ് സർക്കാർ അനുമതി നല്കിയിരിക്കുന്നത്.അടച്ചു പൂട്ടിയ ബാറുകളെല്ലാം നല്ല ഭക്ഷണ ശാലകളായി മാറട്ടെ.മുന്പ്, കള്ളു ഷാപ്പുകൾ അടച്ചു പൂട്ടിയപ്പോൾ, അവയൊക്കെ നല്ല ‘ഷാപ്പു കറി’കളായത് ഓർക്കുക. അന്ന്, കള്ളിൽ നിന്ന് കിട്ടിയതിനേക്കാൾ, ഇപ്പോൾ ആഹാരം വിറ്റാൽ കിട്ടും.കിളിമാനൂരിലെ വഴിയോരക്കട ഉദാഹരണം. പക്ഷെ, ഒന്നുണ്ട്. ജനത്തിന്റെ പൌര സ്വാതന്ത്ര്യമാണ്, സ്മോളടിക്കണോ മദ്യ വിരുദ്ധനാകണമോയെന്നത്. അതിനെ നിഷേധിക്കുന്നത്, അല്ലെങ്കിൽ മദ്യം കഴിക്കാതിരിക്കുന്നതാണ് ശരിയെന്ന പ്രചാരണം ഒരു പരിഷ്കൃത സമൂഹത്തിനു ചേരുന്നതല്ലെന്നു പറയാതിരിക്കാനാവില്ല.
.സ്വന്തം ലേഖകൻ.