മഹിന്ദ്ര രാജപക്സെയുടെ ശ്രീലങ്ക ദുരിതച്ചുഴിയിൽ നിന്ന് എന്നാണ് രക്ഷപ്പെടുക. 41 എംപിമാർ ഭരണസഖ്യം വിട്ടതോടെ രാജപക്സെയുടെ സർക്കാരിന്ഇ പാർലമെൻറിൽ ഭൂരിപക്ഷം നഷ്ടമായി. 150 സീറ്റ് നേടി 225 അംഗ പാർലമെൻറിൽ അധികാരത്തിൽ വന്നതാണ് രജപക്സെ. ഇപ്പോൾ 109 എംപിമാരുടെ പിന്തുണ മാത്രമാണുള്ളത്. ഇന്ധനത്തിനും ഭക്ഷണത്തിനും വരി നിൽക്കുന്ന, ഞെട്ടിപ്പിക്കുന്ന വില കൊടുത്തു അരിയും പച്ചക്കറിയും വാങ്ങേണ്ട ഒരു ജനത. ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതി വീഴാവുന്ന ഒരു ഘട്ടം. ടൂറിസം വ്യവസായമായി കൊണ്ട് നടക്കുന്ന ശ്രീലങ്ക,
യുക്തിഭദ്രമല്ലാത്ത നിലപാടുകൾ കൃഷിയിലും ഇറക്കുമതിയിലും സ്വീകരിച്ചുവെന്നതാണ് നാമിപ്പോൾ മനസ്സിലാക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തെ ശ്രീലങ്ക എങ്ങനെയാണ് മറികടക്കുകയെന്നാണ് ലോകരാജ്യങ്ങൾ ഉറ്റു നോക്കുന്നത്.
കടം വാങ്ങി ജീവിക്കുകയും ഉത്പാദനപരമായ ഒന്നും ചെയ്യാതിരിക്കുകയും ഇറക്കുമതിയിൽ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്ന രാജ്യമെന്ന് ഒറ്റ നോട്ടത്തിൽ ശ്രീലങ്കയെ വിളിക്കാം. രാജ്യമെങ്ങും ജനങ്ങൾ പ്രക്ഷോഭത്തിലാണ്. മരുന്നുകളുടെ ക്ഷാമം രൂക്ഷമാണെന്നും അത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും മുന്നറിയിപ്പുകൾ ഉയരുന്നുണ്ട്. ഇന്ത്യ നൽകിയ 200 കോടിയുടെ സഹായത്തിനു പുറമേ മറ്റു രാജ്യങ്ങളുടെ സഹായവും ശ്രീലങ്കയ്ക്കു ലഭിച്ചിരുന്നു. എന്നാൽ വിലക്കയറ്റം പിടിച്ചു നിർത്താനും ഇന്ധന ലഭ്യത ഉറപ്പു വരുത്താനും സർക്കാരിന് ഏറെ പണിപ്പെടേണ്ടിവരും.
ശ്രീലങ്കൻ ജനത പൊതുവെ സമാധാനപരമാണെന്നാണ് കരുതപ്പെടുന്നത്. നന്നായി പ്രകോപിപ്പിച്ചത് മാത്രമേ അവർ പ്രതികരിക്കാറുള്ളു. ഓൺലൈൻ സംവാദത്തിൽ ഒരു ശ്രീലങ്കൻ പ്രതിനിധി പറയുന്നു.
ഭരണം കയ്യാളുന്ന രജപക്സെ കുടുംബത്തിന് രാഷ്ട്രീയത്തിൽ വലിയ തിരിച്ചടി കൊടുക്കുന്നതാണ് ശ്രീലങ്കയിലെ ഇപ്പോഴത്തെ അവസ്ഥ. ചരിത്രപരമായി ശ്രീലങ്ക ദുർബല രാജ്യമാണ്. വരവിനേക്കാൾ ചിലവുള്ള രാജ്യം.രജപക്സെ അധികാരത്തിൽ വന്ന ശേഷമുള്ള നികുതിയുടെ വെട്ടിക്കുറവും, ടൂറിസം രംഗത്തുള്ള ഇടിവും തകർച്ചയുടെ ആക്കം കൂട്ടി.
ഐഎംഎഫ് വായ്പ സ്വീകരിക്കാനുള്ള നിർദ്ദേശങ്ങൾ രജപക്സെ അംഗീകരിച്ചില്ല. എന്നാൽ പ്രതിസന്ധി കൈവിട്ടതിനെ തുടർന്ന് ഐഎംഎഫുമായുള്ള ചർച്ച പുനരാരംഭിച്ചു. വിദേശ വിനിമയ കേന്ദ്രങ്ങളിൽ ഡോളർ ഇല്ലാത്തതിനാൽ ഇറക്കുമതിക്ക് തടസ്സം നേരിട്ടത് നേരിടാൻ രാജ്യത്തിനു കഴിഞ്ഞില്ല.
ഗ്യാസിന്റെ ലഭ്യത കുറഞ്ഞതും, നീണ്ട വൈദ്യുതി തടസ്സവും അരിയുടെ വിലയിലുണ്ടായ വൻ വർധനവും ഇപ്പോഴും തുടരുകയാണ്. മധ്യവർഗ്ഗ ശ്രീലങ്കൻ ജനത രാജ്യത്തിനു പുറത്തു കടക്കാനുള്ള ആലോചനകളിലാണെന്നു ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്ക അതിന്റെ സമ്പന്ന പ്രതാപ കാലത്തിലേക്ക് വരാൻ ഇനിയും ഏറെ നാളെടുക്കും.