കുറ്റാരോപിതനായ നടനു വേണ്ടി ശബ്ദമുയരുന്ന കാഴ്ചകൾക്കിടെയാണ്, നിലീന അത്തോളി ചിത്രഭൂമിയിൽ ‘ബോംബ് ‘ പൊട്ടിച്ചത്. ദുർബലയായിപ്പോയ നടിയ്ക്ക് വേണ്ടി, ആർജ്ജവമുള്ള ശബ്ദം ഉയർന്നത്തു വായനക്കാർ കണ്ടു. സ്ത്രീ പക്ഷ നിലപാടിന് സ്ഥലമനുവദിക്കാത്ത പുതിയ അന്തരീക്ഷത്തിൽ, നടനും സിനിമാ ലോകവും- ഇരയായ സ്ത്രീക്ക് നേരെ ഉയർത്തിയ കടുത്ത മനുഷ്യാവകാശ ലംഘനത്തെയാണ് ചിത്രഭൂമി ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടത്.
കുറ്റാരോപിതൻ ആപത്തിൽപ്പെട്ടവനും നടി ഇരയുമാകുന്ന സിനിമാ കാലം – എന്ന ലേഖനത്തെ ചിത്രഭൂമിയെന്ന നാല് പേജ് പ്രത്യേക പതിപ്പ്, വളരെ പ്രാധാന്യത്തോടെ പുറത്തിറക്കി. ആക്രമിക്കപ്പെട്ട നടി . ഈ ഓണത്തിന് ഒറ്റക്കായിരുന്നുവെന്ന് പ്രത്യേകം പെട്ടി വാർത്ത. കുറ്റാരോപിതനായ നടൻ- ദർശനത്തിനായി ഭക്തജന പ്രവാഹമെന്ന മറുപെട്ടിയും തലയ്ക്കൽ.
സിനിമാ സമൂഹവും, ‘കുറ്റാരോപിതനായ നടനും’, ലൈംഗികാക്രമണത്തെ പ്രതിരോധിച്ച നടിയെ എപ്രകാരമാണ് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നതെന്ന തിരിച്ചറിവാണ് ലേഖനം നൽകുന്നത്.ഷേവിങ്ങ് സെറ്റും ക്രീമും കിട്ടിയിട്ടും ഷേവ് ചെയ്യാതെ, ശോകാർദ്രമായ അന്തരീക്ഷത്തിന്റെ പുനഃസൃഷ്ടിയ്ക്കായി താടി വളർത്തിയ ‘കുറ്റാരോപിതനായ നടനെ’ നന്നായി വിമർശിക്കുന്നുണ്ട് നിലീന അത്തോളി തന്റെ ലേഖനത്തിൽ.
മറ്റെങ്ങും സംഭവിച്ചിട്ടില്ലാത്തതുപോലെ, ഈ സംഭവത്തിൽ കുറ്റക്കാരനെ വെള്ളപൂശാൻ ഏറെയാളുകൾ ധൃതിപ്പെട്ടു. രാജ്യത്തെമ്പാടും നടന്ന സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ, പരിഷ്കൃത സമൂഹം പെരുമാറിയതിന് കടക വിരുദ്ധമാണ് കേരളത്തിൽ സംഭവിച്ചത്. സമൂഹത്തിലെ വി വി ഐ പികളും, ബൗദ്ധികമായി നമ്മെ കീഴടക്കിയവരും -ബുദ്ധിജീവി വ്യത്യാസമില്ലാതെ – കുറ്റാരോപിതന് വേണ്ടി അണി നിരന്ന കാഴ്ച അമ്പരപ്പിക്കുന്നതാണ്. നിർമ്മാണവും വിതരണവും പ്രദർശനവും സിനിമയുടെ മർമ്മ കേന്ദ്രങ്ങളാണ് . ആവിഷ്ക്കാരത്തിന്റെ എല്ലാ സാധ്യതകളെയും, ഇവയുടെ അസാന്നിധ്യം ഇല്ലാതാക്കിക്കളയും. രണ്ടിടത്തുമുള്ള നിർണ്ണായക സ്വാധീനമുള്ള നടനെ, അതും സാറ്റലൈറ്റ് മൂല്യമുള്ളയാളെ, തിരസ്ക്കരിക്കുന്നത് തങ്ങളുടെ പണ മോഹത്തിന് വിലങ്ങാകുമെന്ന തിരിച്ചറിവാണ് – സിനിമാക്കാരെ ശരിയായ സ്ത്രീ പക്ഷ നിലപാടിനെ തള്ളിപ്പറയാൻ ഇടയാക്കിയത്. അതും, ഒരുളുപ്പുമില്ലാതെ. രാജ്യത്തെ, എല്ലാ കുറ്റാരോപിതരെയും ഇവർ കുറ്റക്കാരായി കാണുന്നില്ല. അങ്ങനെ വന്നാൽ, ബീഫിന്റെ പേരിൽ മോദിയെ- ബിജെപിയെയും കുറ്റം പറയാനാകില്ല. ഇവർ രണ്ടു പേരുമല്ല ബീഫ് പാചകം ചെയ്തവരെ / ഭക്ഷിച്ചവരെ ആക്രമിച്ചത്. അതേ പ്രത്യയശാസ്ത്രം പിന്തുടരുന്നവർ ചെയ്ത പ്രവൃത്തി, അതിന്റെ പ്രചാരണം ഏറ്റെടുത്തവരെക്കൂടി ധാർമിക ബാധ്യതയിലാക്കും..
സിനിമക്കാരായ എംപിയും, എംഎൽഎയും ,നിശബ്ദരായി ആകാശത്തേയ്ക്കും നിലത്തേയ്ക്കും നോക്കിയിരുന്ന സൂപ്പർ താരങ്ങളും, അവസാനം- അവനെ എനിക്കറിയാം. അവനങ്ങനെ ചെയ്യില്ലെന്ന സത്യ പ്രസ്താവന നടത്തിയ ഒത്തിരി പ്രശസ്തരെയും നമ്മൾ കണ്ടു കഴിഞ്ഞു. പോലീസും കോടതിയും തീരുമാനിക്കും മുൻപ്, അവർ വിധി പ്രസ്താവം നടത്തിയിരിക്കുന്നു. എന്നിട്ടു കുറ്റക്കാരനെന്ന പേരിൽ പോലീസ് പിടിച്ചു, കോടതി റിമാൻഡ് ചെയ്ത പ്രതിയെ, നാം കുറ്റാരോപിതൻ മാത്രമെന്ന് കണ്ടോളനം എന്നാജ്ഞാപിക്കുന്നു, സിനിമ ശിങ്കങ്ങൾ!
പണാധിപത്യ ത്തിനും മാഫിയകൾക്കുമെതിരെ സ്ത്രീ പക്ഷത്തു നിന്നുള്ള ശക്തമായ മാധ്യമ ഇടപെടലാണ് നിലീന അത്തോളി, ചിത്രഭൂമിയിലൂടെ നടത്തിയത്. വുമൺ ഇൻ കളക്റ്റീവിനു ഇതൊരു മാർഗ്ഗ ദർശനമാകുമെന്നും കരുതാം.