തിരുവനന്തപുരം ജോയിന്റ് കൌണ്സിൽ ഹാളിൽ കൂടിയ സോളി ഇടമറുക് അനുസ്മരണ സമ്മേളനത്തിൽ പെരുമ്പടവം ശ്രീധരൻ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം. സമ്മേളനം നീലലോഹിത ദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. ഡോ .സരിത് കുമാർ,കല്ലിയൂർ പ്രസന്ന രാജ്,ധനുവച്ചപുരം സുകുമാരൻ ,മോഹൻദാസ് ആലുവ, ശ്രീനി പട്ടത്താനം, കിളിമാനൂർ നടരാജൻ,കല്ലറ ദാസ്,സുജ എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ യുക്തിവാദി സംഘം ജില്ലാ സെക്രടറി നാഗേഷ് സ്വാഗതവും സോളി ഇടമറുകിന്റെ മകൾ ഗീത സ്കാർനർ നന്ദിയും പറഞ്ഞു.
ആദർശ് അഞ്ചൽ
സോളി ചേച്ചി നിങ്ങൾക്ക് യുക്തിവാദിയും മിശ്ര വിവാഹ പ്രസ്ഥാനത്തിന്റെ പ്രവർത്തകയെന്ന നിലയിലും പ്രിയങ്കരിയുമായിരിക്കും . എനിക്ക് അവർ അങ്ങനെയൊന്നുമല്ലായിരുന്നു. അവരെനിക്കു ചേച്ചിയായിരുന്നു. അവർ എന്റെ കുടുംബാംഗമായിരുന്നു.
കുട്ടിക്കാലത്താണ് ഞാൻ ഇടമറുകിനെ കാണുന്നത്. അദ്ദേഹത്തിനെ എന്നേക്കാൾ മുൻപ് യുക്തി വാദ പ്രസ്ഥാനത്തിൽ വന്ന പെരുമ്പടവം തോമസിനായിരുന്നു സൗഹൃദം.പെരുമ്പടവം തോമസ് കവിയായിരുന്നു.ഇടമറുകിന്റെ വല്യമ്മയുടെ മകൻ.അന്ന് യുക്തിവാദ പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്ന കാലം.കൊടുങ്കാറ്റുയർത്തി യ പോലെ ഒരു കാലമായിരുന്നു, അത്.
സ്നേഹ ബന്ധം
ഇടമറുകുമായുള്ള ബന്ധം ഗാഡമായിരുന്നു.എം.സി.ജോസഫിന്റെയും എ.ടി കോവൂരിന്റെയും കുറ്റിപ്പുഴയുടെയുംകൂടെ ഞാനും ചെന്നുപെട്ടത് ഇടമറുകിനോടൊപ്പമായിരുന്നു. ഇടമറുകിന്റെ വിവാഹശേഷം വീട്ടിലെത്താൻ കഴിയാതിരുന്ന ഘട്ടത്തിൽ താങ്ങും തണലുമായിരുന്നത് പെരുമ്പടവം തോമസായിരുന്നു.
ഇടമറുക് കൈവരിച്ച ഉയർച്ചയ്ക്ക് ഒരു സാംസ്ക്കാരിക തലം കൂടിയുണ്ടായിരുന്നു. വല്ലപ്പോഴും സ്വാതന്ത്യത്തോടെ കയറിച്ചെല്ലാവുന്ന വീടുണ്ടായിരുന്നത്, ഇടമറുകിന്റേതായിരുന്നു.പെരുമ്പടവം തോമസ് കഴിഞ്ഞാൽ അനുജൻ ഞാനായിരുന്നു.ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.പക്ഷെ, എല്ലാം പറഞ്ഞു തീർക്കുമായിരുന്നു.അപ്പോഴും സാഹോദര്യം നിലനിന്നു.സനലും ഗീതയും എന്റെ മക്കളെപ്പോലെയാണ്.അന്നത്തെ സൗഹൃദം പഴയതുപോലെ തന്നെ തുടരുകയായിരുന്നു.
പിളർപ്പ്
യുക്തിവാദ പ്രസ്ഥാനം പിളർന്നപ്പോൾ കേരള യുക്തിവാദ പ്രസ്ഥാനത്തോടൊപ്പം ഞാൻ നിന്നു. ഇന്ത്യൻ യുക്തിവാദി സംഘവുമായി ഇടമറുകും. ആ കാലത്തൊക്കെയും ഇടമറുക് ഭിന്നമായി ചിന്തിച്ചിരുന്ന ആളായിരുന്നു. ഏതെല്ലാം തരം എതിർപ്പുകളെയും നേരിട്ടതാണ് ഇടമറുകും കുടുംബവും.
ഒരു പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചുവെന്നു പറയാവുന്ന ജീവിതമായിരുന്നു ,ഇടമറുകിന്റെയും കുടുംബത്തിന്റെയും.
കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചു സോളി ചേച്ചി മരിച്ചുവന്നു പറഞ്ഞു. സോളി ചേച്ചിയുടെ ഭൂമിയിലെ ജീവിതം അവസാനിച്ചിരിക്കുന്നു.കേട്ടപ്പോൾ സങ്കടം തോന്നി.എനിക്ക് മലയിൻകീഴിൽ ഒരു ചേച്ചി ഉണ്ടായിരുന്നു.
മൂല്യങ്ങളെ, ദർശനങ്ങളെ കാത്തു സൂക്ഷിച്ച ഒരാളായിരുന്നു സോളി ചേച്ചി. എന്റെ മനസ്സിൽ സോളി ചേച്ചിയും ഇടമറുകും മരിക്കുന്നില്ല.
.