ഒറ്റപ്ലാക്കൽ നമ്പിയാടൻ വേലുക്കുറുപ്പിന് 83 തികഞ്ഞു. സർഗാത്മക സൗന്ദര്യം കവിഞ്ഞൊഴുകിയ കാവ്യഭൂമിയിലൂടെ അനുവാചകനെ ആനന്ദിപ്പിച്ച ഒരു കവി. നമ്മുടെ ഓ.എൻ .വി; ഭാവ തീവ്രമായ വരികളിലൂടെ വലിയ ദുരന്തങ്ങളുടെ ,ആകുലതകളുടെ, സ്വപ്നങ്ങളുടെ തീരത്തിലൂടെ ഉയിർത്തു പാട്ടുപാടിയാൾ.ചവറയിലെ കരിമണൽ തിളക്കങ്ങളിൽ ഒരു ജനതയുടെ വേദനയറിഞ്ഞ കവി.
പ്രകൃതിയുടെ ഓരോ ആത്മരോദനവും ഓ.എൻ.വിയിൽ കവിതയായി പെയ്തിറങ്ങി. എത്രയോ കാലങ്ങൾക്ക് മുൻപാണ്, കവിതയിലൂടെ നാം പ്രകൃതിയുടെ കവചമായി മാറണമെന്ന ഓർമ്മപ്പെടുത്തലുമായി, ഭൂമിയ്ക്കൊരു ചരമഗീതം കുറിച്ചത്.വല്ലാത്തൊരു ദീർഘദർശിത്വം നിറഞ്ഞു നിന്ന കവി. കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തോടൊപ്പം തോളുരുമ്മി നിന്ന്,കവിതയുടെ മാമ്പൂക്കളിൽ നമ്മെ മധുരമൂട്ടി. ആത്മ ചോദനയുടെ ദാഹം ഓരോ കവിതയിലും നിറഞ്ഞു തുളുമ്പി നില്ക്കുന്നത് നമ്മൾ എത്രയോ കാലമായി അറിയുന്നു.
ഓർമ്മച്ചേരൽ
വി.ജെ.ടി ഹാളിലെ ശബ്ദാരവങ്ങൾക്കിടയിൽ കവി ഇരുന്നു.അല്പം ദുർബലവും പനിയിൽ ക്ഷീണിതനുമായിരുന്നു. പക്ഷെ, കവിതയുടെ ഒഴുക്ക്, കവികളുടെ സാമീപ്യം, ആരാധകരുടെ കുശലം. കവി ഉന്മത്തനായി. എണ്പത്തി മൂന്നാം ജന്മദിനം, കവിയ്ക്കൊരു ആദരം കൂടിയായി.
ഭാഷയ്ക്കപ്പുറമാണ് കവിത:സർക്കാർ
ബംഗാളി കവി സുബോധ് സർക്കാർ വേദിയിൽ സജീവമായിരുന്നു.ബംഗാളി സാഹിത്യ കൂടിച്ചേരലുകളെ ഓർത്തെടുത്തു കൊണ്ടു കവിതകളിലെ രണ്ടു സംസ്കാരത്തെ അദ്ദേഹം ഇങ്ങനെ കോറിയിട്ടു. ഭാഷയ്ക്കപ്പുറമാണ് നമ്മെ ഓരോന്നും സ്വാധീനിക്കുകയെന്നു ഒരു ബംഗാളി കവിയെന്ന നിലയിൽ എനിക്ക് തോന്നുന്നു. ഏറെക്കാലത്തിനു മുൻപ് ഓ.എൻ.വി യുടെ കവിതകൾ വായിച്ചിരിക്കുമ്പോൾ,ഞാനേതോ ബംഗാളി കവിത വായിക്കുകയാണെന്നാണ് തോന്നിയത്. ഇത് ഇന്ത്യൻ സാഹിത്യത്തിൽ തന്നെ വ്യത്യസ്ഥമായൊരു അനുഭവമാണ്.എല്ലാത്തിനും ഏകതാനമായ ഒരു കാമ്പുണ്ട്.അത് ഭാഷയ്ക്കപ്പുറമായ ഒരു അനുഭവ തലത്തിൽ നമ്മെ എത്തിക്കുന്നു.
എനിക്ക് അദ്ദേഹം പിതൃ തുല്യനാണ്.തനിക്കു വിശ്വാസമുള്ളതു മാത്രമെഴുതുന്ന തികഞ്ഞ ജെന്റിൽമാനായിരുന്നു ഓ.എൻ.വി. അദ്ദേഹം അസുഖ ബാധിതനാണെന്നറിയാം , പക്ഷെ കവിതയിലെ വരികൾക്കപ്പുറമുള്ള ,സ്വയം സമർപ്പിതവും ആത്മാനുഭവങ്ങൾ പകർത്തിയെഴുതിയതുമായ കവിയാണദ്ദേഹം.
കവിതകളുടെ കൂട്ടം
ദാഹിക്കുന്ന പാനപാത്രം,മരുഭൂമി, നീലക്കണ്ണുകൾ,മയിൽപ്പീലി,ഒരു തുള്ളി വെളിച്ചം, അഗ്നി ശലഭങ്ങൾ ,അക്ഷരം,കറുത്ത പക്ഷിയുടെ പാട്ട്, ഉപ്പ്,ഭൂമിയ്ക്കൊരു ചരമഗീതം, ശാർങ് ക പക്ഷികൾ , മൃഗയ ,തോന്ന്യാക്ഷരങ്ങൾ, അപരാഹ്നം,ഉജ്ജൈയിനി, വെറുതെ,സ്വയംവരം, ഭൈരവന്റെ തുടി, ഓ.എൻ.വിയുടെ ഗാനങ്ങൾ,വളപ്പൊട്ടുകൾ,സൂര്യഗീതം എന്നിവയാണ് സമാഹാരങ്ങൾ. കവിതയിലെ സമാന്തര രേഖകൾ, കവിതയിലെ [പ്രതിസന്ധികൾ,എഴുത്തച്ഛൻ ഒരു പഠനം, പാഥേയം, കാല്പനികം, പുഷ്കിൻ,സ്വാതന്ത്ര്യബോധത്തിന്റെ ദുരന്ത ഗാഥ എന്നിവയാണ് ഗദ്യ കൃതികൾ.
ഫൗണ്ടേഷൻ
ഓ.എൻ.വി പ്രതിഭാ ഫൗണ്ടേഷന്റെ ഉദ്ഘാടനവും നടന്നു.എല്ലാത്തിനും ചുക്കാനായി മലയാളം സർവകലാശാലയുടെ വി.സി.കെ.ജയകുമാറുണ്ടായിരുന്നു.സുഗതകുമാരി സായാഹ്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.
.സ്വന്തം ലേഖകൻ.
വായനക്കാരോട്
ഈ റിപ്പോർട്ടിനോടുള്ള അഭിപ്രായങ്ങൾ അറിയിക്കൂ . അഭിപ്രായങ്ങൾ ഹൃസ്വമോ ദീർഘമോ ആകാം. താഴെ കമന്റ് കോളത്തിൽ മലയാളത്തിൽ ടൈപ്പ് ചെയ്യാം.മംഗ്ലീഷ് ശൈലിയിൽ ടൈപ്പ് ചെയ്തു സബ്മിറ്റ് ചെയ്തോളു. ഈ റിപ്പോർട്ടിനോട് ചേരുന്ന നിങ്ങളുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റും ഇവിടെ നല്കാവുന്നതാണ്.