പരവൂരിലെ ദാരുണമായ സംഭവം,മന:സാക്ഷിയുള്ള ആരെയും ഞെട്ടിക്കുന്നതാണ്. വെടിക്കെട്ടപകടത്തിൽ കൊല്ലപ്പെട്ടത് സാധാരണ കുടുംബങ്ങളിലെ നിരവധി പുരുഷന്മാർ. ഇവര ഓരോ കുടുംബത്തിന്റെയും താങ്ങും തണലുമായിരുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളൊ രു ക്കാതെ, അനുമതിയില്ലാതെ നടത്തിയ വെടിക്കെട്ടിൽ നിരവധി ജീവനുകൾ പൊലിഞ്ഞത്, നിറ കണ്ണുകളോടെ മാത്രമേ നോക്കി നില്ക്കനാകുന്നുള്ളൂ.
തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് പറവൂരിൽ നടന്നത്. ജീവിച്ചിരിക്കാനുള്ള ഒരാളുടെ അവകാശം മാത്രമല്ല, മരിച്ചാൽ മാന്യമായി സംസ്കരിക്കപ്പെടാനുള്ള അവകാസവും നഷ്ടമായിരിക്കുന്നു.
ഭക്തിയുടെ ചുവടു പിടിച്ചു നടത്തുന്ന ഇത്തരം പ്രവൃത്തികളിൽ പൊലിയുന്ന ജീവിതങ്ങളുടെ വേദന, അവരുടെ കുടുംബങ്ങൾക്ക് മാത്രമാണ്. ഉത്സവങ്ങൾക്ക് ആള് കൂട്ടാനുള്ള ഉപായമെന്ന നിലയ്ക്കാകണം, വെടിക്കെട്ട് തുടങ്ങിയത്.കരിമരുന്നു പ്രയോഗവും ഉണ്ടായിരിക്കുന്നതാനെന്ന പഴയ കാല ഉത്സവ നോട്ടീസിൽ പരതിയാൽ ഇപ്പോഴും കാണാം.
ശ്രീ നാരായണഗുരു കരിയും വേണ്ട കരിമരുന്നും വേണ്ടെന്ന് വെടിക്കെട്ടിനെ എതിർത്തുകൊണ്ട് പ്രഖ്യാപിച്ചിരുന്നു.ക്ഷേത്രങ്ങളിൽ നിന്ന് വെടിക്കെട്ട് ചില പള്ളികളിലേക്കും എത്തിയിരിക്കുന്നു. കരിമരുന്നു പ്രയോഗം അക്ഷരാർഥത്തിൽ ധൂർത്ത് തന്നെയാണ്. ലക്ഷങ്ങൾ പൊട്ടിച്ചു കളയുന്നുവെന്നു പറയണം.
സാമൂഹിക പ്രതിബദ്ധതയോടെ ഇക്കാര്യത്തിൽ പുതിയൊരു സമീപനം വേണം. കരിമരുന്നിനായി ചെലവഴിക്കുന്ന പണം കുറച്ചു പേർക്ക് വീട് നിർമ്മിച്ച് നല്കാനോ, ദീനക്കാരെ സഹായിക്കുന്നതിനോ ചെലവാക്കുക.
സമൂഹം പരിഷ്ക്കരിക്കപ്പെടുന്നതിനനുസരിച്ചു, ആചാരങ്ങൾക്കും മാറ്റമുണ്ടാകണം. അങ്ങനെയാണ് ചരിത്രത്തോടൊപ്പം മനുഷ്യനും വികസിച്ചത്.കരിമരുന്നു പ്രയോഗം പഴയ ഉത്സവ കാല വിനോദോപാധിയായിരുന്നു. കാലം മാറിയിരിക്കുന്നു.ക്ലാസ്സിക്കൽ കലകൾ മാത്രമുണ്ടായിരുന്ന ഉത്സവ പറമ്പുകളിൽ നവ തരംഗ പരിപാടികൾ കയ്യടക്കിയില്ലേ. അതുപോലൊരു മാറ്റം, ഈ കരിമരുന്നു പ്രയോഗത്തിലും വേണം. മാറ്റം അനിവാര്യമാണ്.