ഒത്തുതീർപ്പും, പരിഷ്കാരങ്ങളും വഴി ലഭിച്ച അവകാശങ്ങൾ മാത്രമാണ് സ്ത്രീകൾക്കുള്ളതെന്നും നവോഥാനമൂല്യങ്ങൾ കാലാനുസൃതമായി വളരാത്തതിന് പിന്നിൽ ചില രാഷ്ട്രീയപാർട്ടികൾക്കുള്ള പങ്ക് തിരിച്ചറിയപ്പെടണമെന്നും സാറാജോസഫ് പറഞ്ഞു. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോഡി സർക്കാർ കോർപറേറ്റുകളെ കൂട്ടുപിടിച്ചു സ്ത്രീ വിരുദ്ധവും, ദളിത് വിരുദ്ധവുമായ വികസന നയമാണ് നടപ്പിലാക്കുന്നത്. ഇത്തരത്തിലുള്ള സമരങ്ങളുടെ തുടർച്ചയാണ് ശബരിമലയിൽ നടക്കുന്നത്.
എറണാകുളത്തു സ്ത്രീ അഭിമാന സദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ സമൂഹത്തിനും ഇന്നും നീതി അകലെയാണ്. ഭരണഘടനാപരമായ തുല്യതാബോധം സൃഷ്ടിക്കുന്നതിന് ജനാധിപത്യപരമായ കൂട്ടായ്മ സൃഷ്ടിക്കപെടണമെന്നും സാറാജോസഫ് പറഞ്ഞു. പി ഗീത അധ്യക്ഷത വഹിച്ചു . സി കെ ജാനു, ഗീത നസിർ, ഡോ .ഖദീജാമുംതാസ്, ഡോ .ജയശ്രീ, ഇ പി സുഹ്റ, കുസുമം ടീച്ചർ, ടി എൻ ഗിരിജ, വിനയ, ജ്യോതി നാരായണൻ തുടങ്ങിയവർ സംസാരിച്ചു . എം ലീലാവതി ടീച്ചറിന്റെ സന്ദേശം യോഗത്തിൽ വായിച്ചു.