>സോളി ഇടമറുകിന്റെ വിയോഗത്തിൽ അനുശോചിക്കുന്ന സന്ദേശങ്ങൾ :ഡോ.സരിത് കുമാർ, പ്രദീപ്, എ.സി.ജോര്ജ്ജ്, ലാൽസലാം <
ഡോ.സരിത് കുമാർ
.സെക്രടറി,മിശ്ര വിവാഹ സംഘം .
സോളി ഇടമറുകിന്റെ നിര്യാണം യുക്തിവാദ ആശയ പ്രസ്ഥാനങ്ങൾക്കുള്ള കനത്ത നഷ്ടം തന്നെയാണ്.
മിശ്ര വിവാഹ സംഘത്തിന്റെ കോട്ടയം ജില്ലാ സമ്മേളനത്തിൽ വച്ചാണ് ഞാൻ സോളി ഇടമറുകിനെ ആദ്യമായി കാണുന്നത്. തലയോലപ്പറമ്പിൽ വച്ചായിരുന്നു എന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹം നടത്തിയത്.ഡൽഹിയിലെ വീട്ടിൽ പലപ്പോഴും പോവുകയും അവരുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇടമറുക് കേരളത്തിൽ വരുമ്പോൾ കോട്ടയത്തും വന്നിരുന്നു. 2006 മുതലാണ് കേരള മിശ്ര വിവാഹ സംഘം പ്രസിഡണ്ട് ആയി സോളി ചേച്ചിയെ തിരഞ്ഞെടുക്കുന്നത്.
അടുപ്പം
അച്ഛനും അമ്മയുമായി സോളി ചേച്ചി നല്ല അടുപ്പമായിരുന്നു. സംഘടനാ [പരമായ കാര്യങ്ങൾക്ക് സ്വന്തം കയ്യിൽ നിന്ന് ഒട്ടേറെ പണം ചിലവാക്കിയിരുന്നു. അധികം സാമ്പത്തികമൊന്നും സോളി ചേച്ചിയുടെ കയ്യിൽ ഉണ്ടായിരുന്നില്ല . എന്നാലും ഇത്തരം പ്രവർത്തങ്ങൾക്ക് തന്റെ കയ്യിലുള്ളതെല്ലാം നല്കുന്നതായിരുന്നു ചേച്ചിയുടെ രീതി.
വലിയ ആതിഥേയയായിരുന്നു സോളി ചേച്ചി. സന്ദർശകർക്കു ഊണ് നല്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകൾക്കു മുമ്പ് വീട് സന്ദർശിച്ച ഞങ്ങൾക്ക് ചേച്ചിയുടെ ആതിഥ്യം അനുഭവിക്കാനായി.
മെഡിക്കൽ കോളേജ് അനുഭവം
പുരോഗമന ആശയങ്ങളുള്ളവരെ വളരെ നിരാശരാക്കുന്നതാണ് മെഡിക്കൽ കോളെജിലുള്ളവരുടെ രീതി. സോളി ഇടമറുകിന്റെ ശരീരം മെഡിക്കൽ കോളെജിനു ദാനം ചെയ്യാനുള്ള തീരുമാനം തികച്ചും യുക്തിവാദ പരമായിരുന്നു. മരിച്ച ആശുപത്രിയിലെ ഡെത്ത് സർട്ടിഫിക്കറ്റ്, മക്കളുടെ അനുമതി എന്നിവ ഉണ്ടായിട്ടും അവർ സ്വീകരിക്കാൻ തയ്യാറായില്ല. ഒരു പോലീസ് സ്റ്റെഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടും ശരീരം സ്വീകരിക്കാതെ മെഡിക്കൽ കോളേജ് അധികൃതർ വച്ച് താമസിപ്പിക്കുകയായിരുന്നു. എന്തായാലും ഒടുവിൽ, സോളി ഇടമറുകിന്റെ ശരീരം മെഡിക്കൽ കോളെജിനു പഠിക്കാനായി ഏറ്റെടുത്തു.
യുക്തിവാദി പ്രസ്ഥാനത്തിന് വേണ്ടി പൂർണ്ണമായും സമർപ്പിച്ച ജീവിതമായിരുന്നു സോളി ഇടമറുകിന്റേത്. അടിയന്തിരാവസ്ഥക്കാലത്ത് ഇടമറുകിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചപ്പോൾ അദ്ദേഹത്തെ മോചിപ്പിക്കാനും പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ട് പോകാനും സോളി ഒറ്റയ്ക്ക് നടത്തിയ പോരാട്ടം അവിസ്മരണീയമാണ്. യുക്തിവാദത്തിനും ശാസ്ത്ര ചിന്തയ്ക്കു അവർ നല്കിയ സംഭാവനകൾ നിസ്തുലമാണ്. അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പണ്ടത്തെക്കാൾ പതിന്മടങ്ങ് ശക്തിയിൽ തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ യുക്തി ബോധവും ശാസ്ത്രീയ ചിന്തയും ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോകാൻ സോളി ഇടമറുകിന്റെ ജീവിതവും പ്രവർത്തനവും എന്നും പ്രചോദനമായിരിക്കുന്നു.