മൂക്കുന്നിമലയിലെ അനധികൃത ക്വാറി പ്രവർത്തനം മൂലം സർക്കാരിന്റെ നഷ്ടം 300 കോടി രൂപയാണെന്നു ഒരു ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു. അനധികൃത ഖനനം മൂലമുള്ള നഷ്ടം ടോട്ടൽ സ്റ്റേഷൻ സർവ്വേയും ഓഡിറ്റിംഗും നടത്തിയാണ് കണ്ടെത്തിയത്. മൂക്കുന്നിമലയിൽ അറുപതോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. അടുത്തിടെ നടന്ന സർവ്വേ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളതെന്നു ദി ടൈംസ് ഓഫ് ഇന്ത്യ
റിപ്പോർട്ട് ചെയ്യുന്നു.
നിയമ നടപടികൾക്ക് വഴിയൊരുക്കും
116 ഏക്കറിലായി പരന്നു കിടക്കുന്ന ക്വാറി ഒട്ടേറെ പരാതികൾക്കിട നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ഇടപെടുന്ന ക്വാറിയിൽ നിയമ ലംഘനം നടക്കുന്നത് ഔദ്യോഗിക റിപ്പോർട്ടായി പുറത്തു വരുന്നത് നിയമ നടപടികൾക്ക് വഴിയൊരുക്കും. 2014 ആഗസ്റ്റിലാണ് മൂക്കിമലയിലെ അനധികൃത ഖനനത്തെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത്.7000 ടൺ ഗ്രാനൈറ്റും 10 ടണ്ണോളം പാറപ്പൊടിയുമാണ് മൂക്കുന്നിമലയിൽ നിന്നു പുറത്തേക്കു പോകുന്നത്.
മൂക്കുന്നിമലയുടെ ഭാവി
2016 ജൂലൈയിൽ ആരംഭിച്ച സർവ്വേ നടപടികൾ ഇപ്പോഴാണ് പൂർത്തിയായതെന്നു മാത്രം. ക്വാറി മാഫിയയ്ക്കെതിരെ പ്രതിഷേധിക്കുകയും മൂക്കുന്നി മലയുടെ സംരക്ഷണത്തിന് യത്നിക്കുകയും ചെയ്ത വിജിത,ലത എന്നിവർക്ക് ആശ്വസിക്കാം. പരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന പാറ ഖനനത്തിനെതിരെ സാമൂഹ്യപ്രവർത്തകർ പ്രതിഷേധിച്ചുവെങ്കിലും ഫലം കണ്ടിരുന്നില്ല. പുതിയ റിപ്പോർട്ടിന് മേൽ സർക്കാരിന്റെ തീരുമാനം എന്തായിരിക്കുമെന്നതിനെ ആശ്രയിച്ചാണ് മൂക്കുന്നിമലയുടെ ഭാവി.
.സ്റ്റാഫ് റിപ്പോർട്ടർ.