നടാടെയാണ് പാപ്പച്ചൻ ചിട്ടി പിടിക്കാനിറങ്ങിയത്.
ചിട്ടി, ലേലം, നറുക്ക് ഇത്യാദി നമ്പറുകളിൽ പാപ്പച്ചൻ നവാഗതനായതിനാൽ , ലേശം ശങ്കയുണ്ടെന്ന് കൂട്ടിക്കോളൂ.
പത്തുലക്ഷം ക.യുടെ ചിട്ടി നൂറു വട്ടമെത്തുമ്പോൾ കിട്ടുന്നതാണ് സലയെന്നും , മുന്നേ പിടിച്ചാൽ തുട്ടു കുറയുമെന്നും പാപ്പച്ചൻ മനസ്സിലാക്കിയിരിക്കുന്നു.
ചന്തപ്പള്ളിക്കൂടത്തിൽ സഹ ബെഞ്ചുകാരുടെ ചിട്ടിയിൽ വരിക്കാരനായ പരിചയമുണ്ട്.നൂറു രൂപ ചിട്ടി ഒറ്റത്തവണ നടത്തി, നിക്കർ കീശയിൽ നിറയെ ചില്ലറത്തുട്ടുകളുമായി നടന്ന മാമ്പഴക്കാലവും മീശ നരച്ച കാലത്ത് പാപ്പച്ചൻ ഓർത്തെടുത്തു.
മലഞ്ചെരിപ്പിലെ ചിട്ടി ബാങ്കിൽ നിരത്തിയിട്ട ചുകപ്പ് കസേരയിലൊന്നു പാപ്പച്ചൻ വലിച്ചിട്ടു.
വെളുത്ത കണക്കപ്പിള്ളക്കാരി കണ്ണുകളുയർത്തി ഉംമ്മെന്നു തിരക്കി.
ചിട്ടി പിടിക്കാൻ.പാപ്പച്ചന്റെ നരച്ച പാന്റിലേക്കും ഷർട്ടിലേക്കും നോക്കി.പുച്ഛരസം പടർന്നിറങ്ങിയ ചിരിയിൽ കണക്കപ്പിള്ളക്കാരി അത്ഭുതപ്പെട്ടു.
ചിട്ടിയോ.
നിരത്തിയിട്ട ചുവന്ന കസേരകളിൽ ചിട്ടി പിടിക്കാനിറങ്ങിയ കുടവയറുകൾ വിശ്രമിക്കുന്നുണ്ട്.പലതരം മുഖങ്ങൾ. നീണ്ടത്, ചപ്പിയത്, ഉരുണ്ടത്.എല്ലാ നോട്ടവും പാപ്പച്ചനിലേക്ക്.
കൊന്ത്രപ്പല്ലുകാരി മൃഗശാലയിലെ കൂട്ടിലേക്കെന്ന വിധം പാപ്പച്ചനെ നോക്കി.
എന്താണ് നടപടിക്രമങ്ങൾ.
പാപ്പച്ചൻ ഭരണ ഭാഷ മലയാളമാക്കി.
ലേലം വിളിയാണ്. പാപ്പച്ചൻ കണക്കപ്പിള്ളക്കാരിയെ നോക്കി.
ലേലം നിങ്ങക്ക് പിടിക്കാം. മ്മള് വേണെങ്കി പിടിച്ചു തരും. അതിനു ചിട്ടവട്ടങ്ങളൊക്കെയുണ്ട്.
പാപ്പച്ചൻ ചുകന്ന കസേരയിലിരുന്നു. പ്ലാസ്റ്റിക് നിരോധനമുള്ള കാലത്ത്, പ്ലാസ്റ്റിക് കസേരയിലിരിക്കുന്നത് സുഖമുള്ള കാര്യമാണ്. തലതിരിഞ്ഞ മട്ടിൽ പാപ്പച്ചൻ.
ശമ്പളത്തിൽ മുക്കാലും ചിട്ടിയായതിനാൽ, പാപ്പച്ചൻ സ്വതവേ ദരിദ്രനായിരുന്നു.
അഥവാ , ക്ഷേമ രാഷ്ട്ര സങ്കല്പത്തിൽ ജീവിക്കുന്ന ശുദ്ധാത്മാവായ പാപ്പച്ചൻ തന്റെ ക്ഷേമം ലാക്കാക്കി ചേർന്ന ശുദ്ധ സമ്പാദ്യം കൂടിയാകുന്നു ഇത്.
വീതപ്പലിശയെന്നൊരു സംഗതി ഭയങ്കര സംഭവമാണെന്ന് പാപ്പച്ചൻ കേട്ടിരുന്നു. സോഷ്യലിസവുമായി ഇതിനു ചില്ലറ ബന്ധമൊക്കെയുണ്ടത്രേ.മറ്റുള്ളവരുടെ ക്ഷേമത്തിനായി സ്വന്തം ചില്ലറയിൽ നിന്ന് പങ്കിട്ടെടുക്കുന്നതാണ് അതിന്റെയൊരു ഇത്.
കണക്കപ്പിള്ളക്കാരിയുടെ ലേലം വിളി ആയിരത്തിൽ തുടങ്ങിയതും, കുടവണ്ടികൾ ഉഗ്രരൂപികളായി.
പതിനായിരം, അമ്പതിനായിരം,നൂറ്,ആയിരം,അയ്യായിരം, ആയിരം.
പാപ്പച്ചൻ നിശബ്ദനായി കേട്ടിരുന്നു.കണക്കപ്പിള്ളക്കാരി പരിഹാസത്തിൽ ചിറികോട്ടി നോക്കി.വിവിധ രൂപമുള്ള മുഖങ്ങൾ , പാപ്പച്ചൻ ക്രൂരതയുടെ നോക്കി.
പെണ്ണുകാണൽ ചടങ്ങിനെത്തി, ഒന്നുമുരിയാടാനാകാതെ നിന്ന രംഗമാണ് പാപ്പച്ചൻ ഓർമ്മയിലെത്തിയത്.
പാപ്പച്ചൻ ആയിരം പറയാൻ, നാവുയർത്തുമ്പോൾ കുടവണ്ടികൾ പതിനായിരം പറയും.പതിനായിരം പറയാൻ നാവു വളയ്ക്കാനൊരുങ്ങുമ്പോൾ, കുടവണ്ടി നൂറു വിളിച്ചു പാപ്പച്ചൻ ആശങ്കയിലാഴ്ത്തും.
പത്മവ്യൂഹത്തിൽപ്പെട്ടവനായി പാപ്പച്ചൻ.കുടവണ്ടികളും, കണക്കപിള്ളാച്ചിയും പാപ്പച്ചനെ ചിറി കോട്ടി .പരിചയമില്ലാതിരുന്നിട്ടും പാപ്പച്ചന് കുടവണ്ടികളോട് വൈരാഗ്യം തോന്നി.
ചിട്ടിക്ക് നാവുയർത്താൻ പാപ്പച്ചൻ ശ്രദ്ധിച്ചില്ലെന്നു കരുതണം. ഒരു ലക്ഷം കയറിപ്പിടിച്ച ജുബ്ബാക്കാരൻ കുടവണ്ടിയുടെ നാമത്തിൽ ചിട്ടി കണക്കപ്പിള്ളച്ചി തീർപ്പാക്കി.
ഒരു തരം, രണ്ടു തരം, മൂന്ന് തരം . പാപ്പച്ചന് കത്തിയെടുത്തു വീശാനാണ് തോന്നിയത്.
ചിട്ടി പിടിച്ച വകയിൽ രണ്ടു കടം തീർക്കൽ, വീട്ടു വായ്പയുടെ ഗുണഭോക്തൃവിഹിതം ഇത്യാദി മനക്കോട്ടകൾ അപ്പൂപ്പൻ താടിയായി.
ചിട്ടിയിലെ ലേലം വിളിയ്ക്കെതിരെ പോസ്റ്റിടണം. ഹാഷ്ടാഗ് എഗെൻസ്റ്റ് ലേലം വിളി.
പാപ്പച്ചൻ മുന്നോട്ട് നടന്നു.
.ആദർശ് അഞ്ചൽ.