ന്യൂദല്‍ഹി: ദല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നിലപാട് ഖേദകരമാണെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. താന്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം മൂന്ന് ഭീകരാക്രമണങ്ങള്‍ ഉണ്ടായി എന്നത് തന്റെ പദവിക്കേറ്റ കളങ്കം തന്നെയാണെന്ന് സമ്മതിച്ച ചിദംബരം മുന്‍ കാലങ്ങളിലും ഇത്തരം കളങ്കങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
അതിനാല്‍ സ്ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷ നിലപാട് ശരിയല്ല. മുന്‍പ് പാര്‍ലമെന്റ് ആക്രമണമുണ്ടായ സമയത്ത് അന്നത്തെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നില്ലെന്നും ചിദംബരം ചൂണ്ടികാട്ടി. ഭീകരാക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കയാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ചിദംബരം.
ദല്‍ഹി സ്ഫോടനം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എന്‍.ഐ.എയുടെ അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ് നടക്കുന്നത്. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ കുറിച്ചും അന്വേഷിച്ച് വരികയാണ്. സ്ഫോടനത്തിന് ഉപയോഗിച്ചത് നൈട്രേറ്റ് ബോംബാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നത് പിഡബ്ലുഡിയുടെ വീഴ്ച കൊണ്ടാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. അയല്‍രാജ്യമായ പാകിസ്താന് ഭീകരതയുടെ പ്രഭവകേന്ദ്രമെന്നത് നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യ എപ്പോഴും ഭീകരവാദികളുടെ ലക്ഷ്യകേന്ദ്രമാണെന്നും ഭീകരവാദം തടയാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.