ആദർശ് അഞ്ചൽ
മധ്യവർഗ്ഗ സമ്പന്ന കൂടിച്ചേരലുകളുടെ ഇടമായിരുന്നു കഫെ കോഫിഡെ . ഇടയ്ക്കൊക്കെ ഫ്രീക്കന്മാരും കയറും, കൂട്ടുകാരികൾക്കൊപ്പം. ഏറെ നേരം കപ്പുച്ചിനോ നുണഞ്ഞു, അലോസരമില്ലാതെ സൊറ പറഞ്ഞിരിക്കാമെന്നതാണ് കഫെ കോഫിഡേയുടെ പ്രത്യേകത.
മംഗളൂർ നേത്രാവതി പുഴയിൽ നിന്ന് സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തുമ്പോൾ, ഇന്ത്യൻ ബിസിനസ് ലോകത്തിനും അമ്പരപ്പ് മാറിയിട്ടില്ല. പരമ്പരാഗത കാപ്പി എസ്റ്റേറ്റ് വ്യവസായിയായ സിദ്ധാർത്ഥ, കോഫിഡേയിലൂടെ 1700 ഔട്ട്ലെറ്റുകളുള്ള പുതു ബിസിനസ്സിന്റെ ഉടമസ്ഥനായി. 2017 സെപ്റ്റംബറിൽ സിദ്ധാർത്ഥയുടെ മുംബൈ,ബെംഗളൂരു, ചെന്നൈ ,ചിക്കമംഗളുരു ഓഫിസുകളിൽ ആദായ നികുതി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയിരുന്നു.
ഇന്ത്യൻ ആർമിയിൽ ചേരണമെന്നായിരുന്നു സിദ്ധാർത്ഥയുടെ ആഗ്രഹം. മംഗളൂരു സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബാങ്കിങ്ങിൽ നിന്ന് കോഫിഡേയിലേക്ക് വരുകയായിരുന്നു. മുൻ കേന്ദ്രമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണയുടെ മരുമകനാണ്.
സിദ്ധാർത്ഥയുടെ ഡ്രൈവർ ബസവരാജ് പാട്ടീൽ രാവിലെ 8 മണിയോടെ സിദ്ധാർത്ഥയുടെ മകൻ അമർത്യ ഹെഗ്ഡെയെ വിവരം അറിയിച്ച ശേഷം കാണാക്കണ്ടി ടൌൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.