ആദർശ് അഞ്ചൽ
ഇടുക്കിയിലെ ഇടമറുക് ഒരു ഗ്രാമം മാത്രമല്ല, വലിയ ചിന്താധാരകളെ സംവാദത്തിനിറക്കിവിട്ട ഒരു വലിയ ചിന്തകന്റെ തൂലികാനാമം കൂടിയാണ്. കേരളത്തെ ഇളക്കി മറിച്ച യുക്തിവാദ ചിന്താ വിപ്ലവത്തിന് തുടക്കമിട്ട, സമരോത്സുക യുക്തിവാദത്തിന്റെ നായകൻ, ജോസഫ് ഇടമറുകിന്റെ ജന്മ സ്ഥലം.
കേരളം നിരന്തരം ചർച്ച ചെയ്യുന്ന ഒരു പേരും, നിലപാടുമായി ‘ഇടമറുകിസം’ രാഷ്ട്രീയ -മത വിശ്വാസ് ചിന്തകൾക്ക് മേൽ ഡെമോക്ലസിന്റെ വാള് പോലെ തൂങ്ങുകയായിരുന്നു. യുക്തിവാദത്തിന്റെ വാൾത്തലപ്പേറ്റ് മതങ്ങളും വിശ്വാസങ്ങളും ഉടഞ്ഞുറഞ്ഞു. യുക്തിയുടെയും നിരീക്ഷണത്തിന്റെയും പിൻബലത്തിൽ ഇടമറുക്, മതത്തെ കുറിച്ചുയർത്തിയ സംശയങ്ങൾ വിശ്വാസികളിൽ സംശയങ്ങളുടെ മറ തീർത്തു. പിന്നീടൊരു കുത്തൊഴുക്കായിരുന്നു. മതത്തിൽ നിന്ന്, മതേതരമാകുന്നതിലേക്ക്, വിശ്വാസത്തിൽ നിന്ന് അവിശ്വാസിയിലേക്ക് .
സംശയിക്കുക , ചോദ്യം ചെയ്യുക, അന്വേഷിക്കുക, കണ്ടെത്തുകയെന്ന പ്രാമാണിക സിദ്ധാന്തം അക്ഷരാർത്ഥത്തിൽ ഇടമറുകിന്റെ ജീവിത വൃതമാവുകയായിരുന്നു.
ഇ ടുക്കിയിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്ന്, മതത്തിന്റെ വേഷങ്ങൾ അഴിച്ചു വച്ച് , വായനയുടെയും യുക്തി ബോധനത്തിന്റെയും നേർത്ത ഇടവഴികളിലൂടെ ഏകാന്തനായായി നടക്കുകയിരുന്നു ഇടമറുക്. വായനയുടെ കൊടുങ്കാറ്റിനിടെ, മനസ്സിലേക്ക് ഉയിർന്നു വന്ന ചോദ്യങ്ങളിലെല്ലാം നേര് തിരയുകയായിരിരുന്നു. ഓരോ മതവും പഠിക്കുകയും അവയിലെ യുക്തിഭദ്രത വിശകലനം ചെയ്ത് നിലപാടുകളിൽ എത്തിച്ചേർന്നിരുന്ന ഇടമറുക്, ഒത്തുതീർപ്പുകൾക്കു വഴങ്ങാൻ ഒരുക്കമായിരുന്നില്ല. കണിശത, തന്റെ ചിന്തയ്ക്കും പഠനത്തിനും ഉണ്ടാകണമെന്ന് വിശ്വസിച്ചിരുന്നു.
മതത്തെ എതിർക്കുകയും ദൈവ വിശ്വാസത്തെ നിരാകരിക്കുകയും മാത്രമല്ല, യുക്തിപൂർവ്വം വായനക്കാരെ/വിശ്വാസികളെ വിചാരണ ചെയ്യുന്നിടത്തേക്കു നടക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. 1970-80 കളിലെ ക്ഷുഭിത യൗവ്വനത്തിന് ഇടമറുകിന്റെ ചിന്തകൾ അമൃത ധാരയായിരുന്നു. ചൂഷണ രഹിതമായ ഒരു നല്ല കാലത്തിനെ ഒരു ജനത കാത്തിരിക്കുകയും, സോഷ്യലിസം ചിന്താധാരയായി മനുഷ്യരിൽ പടരുകയും ചെയ്ത, ഒട്ടേറെ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങൾക്ക് സാക്ഷിയായ കേരളത്തിൽ, ഇടമറുകിന്റെ ചിന്തകളും പുസ്തകങ്ങളും പടർന്നു കയറുകയായിരിക്കുന്നു.
സി.കൃഷ്ണനും, സിവി കുഞ്ഞിരാമനും, എം.സി.ജോസഫും ,സഹോദരൻ അയ്യപ്പനും ,, കുറ്റിപ്പുഴ കൃഷ്ണപിള്ളയും, എടി.കോവൂരും ഉൾപ്പെടുന്ന അസംഖ്യം യുക്തിവാദികളുടെ കാലഘട്ടത്തിനു ഒപ്പവും ശേഷവുമാണ് ഇടമറുക്, യുക്തിവാദ പ്രസ്ഥാനത്തിന്റെ ചിന്താധാരകളിൽ നിറഞ്ഞ സാന്നിധ്യമാകുന്നത്.
എടി.കോവൂരിന്റെ സന്തത സഹചാരിയായിരുന്നു. ഇടമറുക്. കേരളത്തിൽ രൂപമെടുത്ത യുക്തിവാദ ചിന്താധരണികളെ ഭൂമിശാസ്ത്ര പ്രതിസന്ധികളിൽ പെടുത്തി, കടൽ കടക്കാനാകാത്ത അവസ്ഥയ്ക്ക് ഇടമറുകിന്റെ കാലത്തോടെ മാറ്റം വന്നു. സിലോണിൽ യുക്തിവാദ പ്രചാരണം നടത്തിയ എടി.കോവൂർ , ലോക യുക്തിവാദ പ്രസ്ഥാനത്തിലേക്കുള്ള ഒരു താക്കോലായി മാറി.ഇടമറുകിന്റെ മകനും റാഷണലിസ്റ് ഇന്റർനാഷനലിന്റെ പ്രസിഡന്റുമായ സനൽ ഇടമറുകിന്റെ നേതൃത്വത്തിൽ ലോക യുക്തിവാദ ഭൂപടത്തിൽ, ഇടമറുക് തുടങ്ങി വച്ച യുക്തിവാദ പ്രചാരണം കടൽ കടന്നു പ്രശസ്തമായി.
യുക്തിവാദം, തത്ത്വചിന്തയുടെ ഉപോല്പന്നമായി തീരുന്ന സ്വാഭാവിക പ്രക്രിയയെ തടയുകയും, മനുഷ്യന്റെ ദൈനം ദിന ജീവിതത്തിലെ അന്ധവിശ്വാസങ്ങളുടെ യുക്തിരാഹിത്യവും, കീഴ്വഴക്കങ്ങൾ കടന്നു വരുന്നതിന്റെ പ്രക്രിയയയെയും തികഞ്ഞ ലാളിത്യത്തോടെ ഇടമറുക് വേദികളിൽ അവതരിപ്പിച്ചു. ലോകമതങ്ങളുടെ ഓരോ ആചാരങ്ങളും അവർ കടന്നു വന്ന സാമൂഹ്യ വഴികളെ ഓർമ്മപ്പെടുത്തുന്നവെന്നും , പൗരോഹിത്യവും സംഘടിത മതങ്ങളുടെ അധികാര ശ്രേണിയും മനുഷ്യന്റെ സ്വാഭാവിക യുക്തിബോധത്തെ മതം കവർന്നെടുത്തതിന്റെ പ്രതിഷേധവും ഊർജ്ജസ്വലതയോടെ ഇടമറുക് അവതരിപ്പിക്കും. കേരളത്തിലെ ഏതു കുഗ്രാമത്തിൽ യുക്തിവാദ വിശദീകര സമ്മേളനം വച്ചാലും ഇടമറുക് ആവേശപൂർവ്വം, ഏത് പ്രതിസന്ധി ഘട്ടവും തരണം ചെയ്ത് അവിടെ എത്തിച്ചേരുമായിരുന്നു. മണിക്കൂറുകളോളം പ്രസംഗിക്കുകയും സംവാദങ്ങളിൽ തന്റെ വാദങ്ങളെ തികഞ്ഞ യുക്തി ഭദ്രതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നത്, തന്റെ യുക്തിവാദ പ്രചാരണ പരിപാടികളായാണ് കണ്ടത്.
എഴുത്ത് ഇടമറുകിനൊരു ആവേശമായിരുന്നു. പത്രപ്രവർത്തനം അതിലേക്കുള്ള പാലമായി വർത്തിച്ചു.മലയാള മനോരമ ആദ്യമായി ഇയർ ബുക്ക് തയ്യാറാക്കുന്നതിൽ ഇടമറുകിന് നിർണായകമായ പങ്കുണ്ടായിരുന്നു. പിന്നീട് കേരളശബ്ദത്തിന്റെ ഡൽഹി ബ്യുറോ ചീഫായി പ്രവർത്തിച്ചു. പത്രാധിപരുടെ ജനാധിപത്യ മര്യാദ കേരളശബ്ദത്തിൽ നിന്ന് ഇടമറുകിന് ലഭിച്ചു. ഇന്ത്യയെമ്പാടും ഇടമറുക് യാത്ര ചെയ്തു. മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ഉൾനാടൻ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് , ദരിദ്രന്റെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ശബ്ദം അധികാരികളുടെ കർണ്ണ പുടങ്ങളിലേക്കു എത്തിക്കുന്നതിൽ കേരളശബ്ദവും ഇടമറുകും തോളോട് തോൾ ചേർന്നു പ്രവർത്തിച്ചു.. ഇടമറുകിന്റെ ഉത്സാഹത്തിൽ അക്കാലയളവിൽ കേരളശബ്ദത്തിന്റെ പ്രചാരം ഏറെ വർധിച്ചിരുന്നു. മറുനാടൻ മലയാളികൾക്കുള്ള പ്രധാന വാരികയായി കേരളശബ്ദം മാറുന്നതും ഈ കാലയളവിലാണ്. ബാബ്റി മസ്ജിദ് തകർക്കപ്പെടുമ്പോൾ അത് നേരിട്ട് റിപ്പോർട്ട് ചെയ്യാനും അദ്ദേഹത്തിനായി.
ഉത്സാഹിയായ പത്ര പ്രവർത്തകനും, എഴുത്തുകാരനും, സംഘടനാ പ്രവർത്തകനുമായി ഒരു വലിയ കാലഘട്ടം അദ്ദേഹം കഴിച്ചുകൂട്ടിയത് ന്യൂ ഡൽഹിയിലായിരുന്നു. അവിടെയാണ്, എഴുത്തിന്റെയും ഭാഷയുടെയും പ്രചാരണവും സാംസ്കാരിക പ്രവർത്തനവും ഇടമറുകിൽ കൂടുതൽ വേരോടുന്നത്. ഓംചേരി, വി.കെ. മാധവൻ കുട്ടി ,ആനന്ദ്, സച്ചിദാനന്ദൻ,എഴുമറ്റൂർ രാജരാജ വർമ്മ തുടങ്ങി അസംഖ്യം സൗഹൃദങ്ങളിലൂടെ യുക്തിവാദത്തിനപ്പുറം ഒരു സ്നേഹതലം ഇടമറുക് സൃഷ്ടിച്ചു. അന്യ ഭാഷാ സംസ്ഥാനത്ത് മാതൃ ഭാഷയുടെ പ്രചാരണത്തിനും പഠനത്തിനുമായി തന്റെ സമയം മാറ്റി വയ്ക്കുന്നതിൽ ഇടമറുക് ഒട്ടും മടി കാണിച്ചില്ല.
വിവിധ വിഷയങ്ങളിൽ ഇ.എം.എസ്സുൾപ്പടെയുള്ളവരുമായി ഇടമറുക് നടത്തിയ ബൗദ്ധിക സംവാദങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
യുക്തിവാദ നിരീക്ഷണങ്ങളിൽ ഇടമറുകിന്റെതായി ശ്രദ്ധേയമായ ഒട്ടേറെ കൃതികൾ പുറത്തിറങ്ങി. പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിനായി ഇന്ത്യൻ എതീസ്റ് പബ്ലിഷേഴ്സ് എന്ന പേരിൽ ന്യൂ ഡൽഹി ആസ്ഥാനമായി പ്രസാധക സ്ഥാപനവും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങി. ലോക യുക്തിവാദി നേതൃനിരയിൽ പ്രമുഖനായ മകൻ സനൽ ഇടമറുകിനായിരുന്നു ഇതിന്റെ ചുമതല. ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല , ഉപനിഷത്തുക്കൾ ഒരു വിമർശന പഠനം, ഖുർ ആൻ ഒരു വിമർശന പഠനം, ഭഗവത് ഗീത ഒരു വിമർശന പഠനം, യുക്തിവാദ രാഷ്ട്രം തുടങ്ങി ഒട്ടേറെ കൃതികൾ ഐ.എ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രസാധക സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങി.
തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു ഇടമറുക്. കാഴ്ച്ചപ്പാടുകളുടെ വ്യത്യാസം ഒരിക്കലും സൗഹൃദത്തെ ബാധിച്ചിരുന്നില്ല.
ഇടമറുകിന്റെ സൗഹൃദത്തിൽ എല്ലാ രാഷ്ട്രീയക്കാരും വിശ്വാസികളും ഉൾപ്പെട്ടിരുന്നു. ബിജെപി നേതാവും ഇപ്പോൾ നേമം എം.എൽ.എയുമായ ഒ .രാജഗോപാൽ ഇടമറുകിന്റെ അടുത്ത സുഹൃത്തായിരുന്നു. ഒരു സാമൂഹ്യ ജീവിയെന്ന നിലയിൽ നാം എല്ലാവരോടും ഇടപെടേണ്ടതുണ്ടെന്നും യുക്തിവാദിയെന്ന നിലയിൽ ഒരു പ്രത്യേക സമൂഹമായി ജീവിക്കേണ്ടതില്ലെന്നും. അദ്ദേഹം വിശ്വസിച്ചു.
2006 ജൂൺ 26. .ഉറക്കത്തിനിടെ അവിചാരിതമായി വന്ന മരണം, ഒരു കാലഘട്ടം മുഴുവൻ ജനതയെ സ്വതന്ത്ര ചിന്തയിലേക്ക് നയിച്ച ഇടമറുക് ധീരമായ ചരിത്രമായി. യുക്തി വിചാരത്തിലെന്ന പോലെ തന്റെ മരണത്തിലും പുരോഗമനപരമായ നിലപാട് ഇടമറുക് ഉയർത്തിപ്പിടിച്ചു. മൃതദേഹം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കു പഠനത്തിനായി വിട്ടു നൽകാൻ മകൻ സനൽ ഇടമറുകിനെ ചുമതലപ്പെടുത്തിയിരുന്നു. ഒപ്പം, കണ്ണുകളും ദാനം ചെയ്തു. തന്റെ ജീവിതം പോലെ മരണത്തിലും സമൂഹത്തിന്റെ നന്മയെക്കുറിച്ചു ഓർക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.
മുഖ്യധാരാ ദിനപത്രങ്ങൾ ഇടമറുകിന്റെ വിയോഗത്തിൽ എഡിറ്റോറിയൽ എഴുതുകയുണ്ടായി. യുക്തിവാദ സാഹിത്യത്തിൽ ഇടമറുക് നൽകിയ സംഭാവനകൾ പ്രമുഖർ അനുസ്മരിച്ചു.
മതങ്ങളുടെ ശക്തമായ എതിർപ്പുകളെ അസാമാന്യ ധീരതയോടെ നേരിട്ട ഇടമറുക് ലോക്കപ്പിൽ കഴിയേണ്ട സാഹചര്യവുമുണ്ടായി. ഭീഷണികളും പ്രലോഭനങ്ങളൂം അവഗണിക്കാൻ തന്റെ ശരിയുടെ നിലപാട് മാത്രമായിരുന്നു ആശ്രയം. സ്വതന്ത്ര ചിന്തകർക്കു നിർഭയമായി പ്രവർത്തിക്കാൻ വിശ്വാസികൾക്കൊപ്പം സ്വാതന്ത്ര്യമുണ്ടെന്നും ഇടമറുക് ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു. ഇന്ത്യൻ യുക്തിവാദി സംഘം ദേശീയ പ്രസിഡന്റും ലോക യുക്തിവാദത്തിന്റെ നേതൃ നിരയിൽ ഒന്നാമനുമായിരുന്നു ഇടമറുക്.
കാലം ഒത്തിരി കഴിഞ്ഞിരിക്കുന്നു. തന്റെ ചിന്തകളിൽ മതവും അന്ധവിശ്വാസങ്ങളും ഉയർത്തിയേക്കാവുന്ന ഭീഷണികൾക്കു ഇടമറുക് തീർത്ത പ്രതിരോധം , പുതിയൊരു തലമുറ ഏറ്റെടുത്തിരിക്കുന്നു.
അവർ എസ്സെൻസും, ഫ്രീ തിങ്കേഴ്സും, നാസ്തിക് നേഷനുമായി ചിന്താസരണികൾക്കു ഊർജ്ജം പകരുന്നു. ഇന്ത്യൻ യുക്തിവാദി സംഘം, ഭാരതീയ യുക്തിവാദി സംഘം, കേരള യുക്തിവാദി സംഘം, എന്നീ സംഘടനകളുടെ ശക്തമായ നേതൃത്വവും ചിന്തകൾക്ക് താങ്ങാകുന്നു. ഇടമറുക് ഉയർത്തിപ്പിടിച്ച ആശയങ്ങളുടെ തീജ്വാല ആളിപ്പടരുകയാണ്.