അടിമാലി: അടിമാലിയെ സ്വന്തം ബ്രാന്‍ഡിലൂടെ പ്രശസ്തമാക്കിയ ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.ഇ. മീരാന്‍െറ വേര്‍പാട് നാടിന്‍െറ നൊമ്പരമായി.
ഹൈറേഞ്ചിന്‍െറ പ്രവേശ കവാടം എന്നറിയപ്പെടുന്ന കോതമംഗലം നെല്ലിക്കുഴിയില്‍ ജനിച്ച ഇ.ടി.സി എന്നറിയപ്പെട്ട മീരാനിക്ക അരി ഹോള്‍സെയില്‍ വ്യാപാരവുമായാണ് അടിമാലിയില്‍ എത്തിയത്.
1984 ല്‍ ഹോള്‍സെയില്‍ കടയോട് ചേര്‍ന്ന് ഈസ്റ്റേണ്‍ ട്രേഡിങ് കമ്പനി (ഇ.ടി.സി) എന്ന പേരില്‍ വിവിധ കമ്പനികളുടെ വിതരണം ആരംഭിച്ചു. അതാണ് പിന്നീട് അടിമാലിയെത്തന്നെയും പ്രശസ്തമാക്കിയ മുളകുപൊടി യൂനിറ്റിന്‍െറ ആവിര്‍ഭാവത്തിനും ഈസ്റ്റേണ്‍ വ്യവസായ മേഖലയുടെ തലപ്പത്തേക്കും മീരാനെ എത്തിച്ചത്.
1988 ല്‍ അടിമാലി ലൈബ്രറി റോഡിലായിരുന്നു കറി പൗഡര്‍ ഫാക്ടറിയുടെ തുടക്കം.
മീരാന്െറയും ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങളുടെയും ആഗോള വളര്‍ച്ച അടിമാലിയെയും പ്രശസ്തമാക്കുകയായിരുന്നു.
20 വര്‍ഷമായി അടിമാലി ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന മീരാന്‍ അടിമാലിയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. അടിമാലി അര്‍ബന്‍ ബാങ്ക് പ്രസിഡന്റുമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതി അടിമാലി യൂനിറ്റ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, ജില്ലാ കമ്മിറ്റിയംഗം, റോട്ടറി ക്ളബ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഒമ്പതുമണിയോടെ അടിമാലി ഈസ്റ്റേണ്‍ പബ്ളിക് സ്കൂളില്‍ കൊണ്ടുവന്ന മൃതദേഹം കാണാന്‍ ആയിരങ്ങളാണെത്തിയത്. നാനാ ഭാഗത്തുനിന്ന് ജനങ്ങള്‍ ഒഴുകിയെത്തി.